Thursday, March 31, 2011

കമ്യൂണിസ്റ്റ്‌ പാര്‍ടി കേരളത്തില്‍

ഒന്ന്‌ : പുതിയൊരു ലോകം

20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്‌ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങള്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി വളര്‍ന്നുവരുന്നതിന്‌ അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു.

മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികള്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നതിന്‌ അടിത്തറയിട്ടു. അഖിലേന്ത്യാതലത്തില്‍ രാജാറാം മോഹന്‍ റോയിയും പരിഷ്‌കരണപ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കി.  ഈ പശ്ചാത്തലത്തില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി മുതലായവര്‍ കേരളത്തിന്റെ തെക്കന്‍ പ്രദേശത്തും വാഗ്‌ഭടാനന്ദനെ പോലുള്ളവര്‍ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങള്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപം പ്രാപിച്ചു. ഇവ ജനങ്ങളില്‍ വമ്പിച്ച ചലനം സൃഷ്‌ടിച്ചു. അയിത്തത്തിനും ജാതീയതയ്‌ക്കും എതിരായും ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്‍പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മര്‍ദ്ദങ്ങള്‍ സമൂഹത്തില്‍ രൂപപ്പെടാനും തുടങ്ങി. 1906 ല്‍ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ ആരംഭം കുറിച്ചതും പിന്നീട്‌ സര്‍ക്കാര്‍ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ്‌ വിദ്യാഭാസ വ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട മേല്‍മുണ്ടു കലാപം, 1888ലെ അരുവിപ്പുറം പ്രതിഷ്‌ഠ, 1891ലെ മലയാളി മെമ്മോറിയല്‍, 1896ലെ ഈഴവ മെമ്മോറിയല്‍, 1903ലെ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗസ്ഥാപനം, തുടര്‍ന്നു സാധുജനപരിപാലനയോഗം തുടങ്ങി സാമുദായക സംഘടനകളുടെ രൂപീകരണം, പ്രവര്‍ത്തനം, സമരങ്ങള്‍ എല്ലാം കേരളീയ ജീവിതത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിന്‌ സഹായകമായ ഘടകമായി വര്‍ത്തിച്ചു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനിവാഴ്‌ചയില്‍ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയര്‍ത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളര്‍ന്നുവന്നു.

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനവും വളര്‍ന്നുവന്നുകൊണ്ടിരുന്ന ഈ സാഹചര്യത്തിലാണ്‌ സോവിയറ്റ്‌ വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഉള്ള ആശയങ്ങള്‍ കേരളത്തില്‍ എത്തിച്ചേരുന്നത്‌. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, സഹോദരന്‍ അയ്യപ്പന്‍, പി. കേശവദേവ്‌ മുതലായവരുടെ കൃതികളിലൂടെ ഇത്തരം ആശയങ്ങളുടെ പ്രചരണം കേരളത്തില്‍ വരാന്‍ തുടങ്ങി.

രണ്ട്‌്‌ : മാറുന്ന ചക്രവാളം


ഈ കാലത്തുതന്നെ ജന്മിത്വവും സാമ്രാജ്യത്വവും സൃഷ്‌ടിച്ച കഷ്‌ടപ്പാടുകളുടെ പശ്ചാത്തലത്തില്‍ അതിനെതിരായി തൊഴിലാളികളുടേയും കൃഷിക്കാരുടേയും പോരാട്ടങ്ങളും സംഘടനകളും മെല്ലെ വളര്‍ന്നുവരാന്‍ തുടങ്ങി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ കൂട്ടായി ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സമ്പ്രദായവും ആരംഭിച്ചു. 1921 ലെ മലബാര്‍ കലാപം എന്നു വിളിക്കപ്പെടുന്ന കാര്‍ഷിക കലാപവും തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ചലനങ്ങളും കേരളത്തിലെ സ്വാതന്ത്രസമരപ്രസ്ഥാനത്തില്‍ വലിയ സ്വാധീനം ചെലുത്തി.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്‌ ഈ കാലഘട്ടത്തില്‍ കേരളത്തിലെ കുറെ ചെറുപ്പക്കാരെ ജയിലില്‍ അടച്ചിരുന്നു. ഈ ഘട്ടത്തില്‍ കണ്ണൂര്‍ ജയിലില്‍ കുറെ ദേശീയ വിപ്ലവകാരികളുണ്ടായിരുന്നു. അവരുമായുള്ള ബന്ധവും, ചര്‍ച്ചകളും ഈ ചെറുപ്പക്കാരുടെ ചിന്താഗതികളെ പിടിച്ചുലച്ചു. രാഷ്‌ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി അവര്‍ പുതുതായി പലതും അറിയുകയായിരുന്നു. ഇത്‌ പുതിയ ദിശാബോധം ഇവരില്‍ പകര്‍ന്നു നല്‍കി. ഇക്കാര്യം സ: ഇ.എം.എസ്‌ ഇങ്ങനെ കുറിക്കുന്നു:

``പിന്നീട്‌ രൂപം കൊണ്ട കേരളത്തിലെ ഇടതുപക്ഷകോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റേയും ബീജാവാപം നടന്നത്‌ കണ്ണൂര്‍ ജയിലില്‍ വെച്ചാണെന്നും അതു നടത്തിയത്‌ തിവാരി ആയിരുന്നുവെന്നും പറഞ്ഞാല്‍ വലിയ അതിശയോക്തി ഉണ്ടായിരിക്കുകയില്ല.''

മൂന്ന്‌ : ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരുന്ന ജനത

ബഹുജനമുന്നേറ്റത്തെ ഭയപ്പെടുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നയത്തില്‍ അസംതൃപ്‌തരായ ചെറുപ്പക്കാരാണ്‌ സോഷ്യലിസ്റ്റ്‌ ആശയത്തില്‍ ആകര്‍ഷിക്കപ്പെട്ടത്‌. ഇത്തരം ചിന്താഗതികള്‍ക്ക്‌ ശക്തി പകരുന്നതിന്‌ ഇടയാക്കുന്ന അന്തരീക്ഷം അന്ന്‌ കേരളത്തില്‍ ഉണ്ടായിരുന്നു.

ജന്മിത്വത്തിന്റെ പീഡനങ്ങളാല്‍ ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുകയായിരുന്നു. ഇതിനെതിരായി അങ്ങിങ്ങ്‌ ചെറുത്തുനില്‍പ്പുകളും സംഘടനകളും ഈ കാലഘട്ടത്തില്‍ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. 1935 ജൂലൈ മാസത്തില്‍ പഴയ ചിറക്കല്‍ താലൂക്കിലെ കൊളച്ചേരി അംശത്തില്‍ നണിയൂരിലുള്ള ഭാരതീയ മന്ദിരത്തില്‍ വെച്ച്‌ കൃഷിക്കാരുടെ ഒരു യോഗം നടക്കുകയുണ്ടായി. വിഷ്‌ണുഭാരതീയന്‍ പ്രസിഡന്റും കെ.എ. കേരളീയന്‍ സെക്രട്ടറിയുമായി കൊളച്ചേരി കര്‍ഷക സംഘം രൂപീകരിക്കപ്പെട്ടു. 1935 സെപ്‌തംബറോടുകൂടി കരിവെള്ളൂര്‍, വെള്ളൂര്‍, പെരളം, കൊടക്കാട്‌ ഇവ കേന്ദ്രമാക്കി കരിവെള്ളൂര്‍ കര്‍ഷക സംഘവും രൂപീകരിക്കപ്പെട്ടു. 1936 ല്‍ അഖിലേന്ത്യാ കിസാന്‍സഭ രൂപീകൃതമായതോടെ കാര്‍ഷിക മേഖലയില്‍ പോരാട്ടത്തിന്റെ പുതിയ മുഖം തുറന്നു. 1936 ജൂലൈ മാസത്തില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടന്ന പട്ടിണി ജാഥ ഈ രംഗത്ത്‌ വമ്പിച്ച ഉണര്‍വുണ്ടാക്കി. ഇതിന്‌ തുടര്‍ച്ചയായി മലബാറില്‍ നിരവധി കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കപ്പെടാന്‍ തുടങ്ങി. 1936 നവംബറില്‍ പറശ്ശിനിക്കടവില്‍ ആദ്യത്തെ ചിറക്കല്‍ താലൂക്ക്‌ കര്‍ഷക സമ്മേളനവും ഈ കാലഘട്ടത്തില്‍ നടന്നു. 1937 ല്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപീകരിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ തന്നെ കര്‍ഷക സംഘത്തിന്റെ രണ്ടാം അഖില മലബാര്‍ സമ്മേളനം കോഴിക്കോട്ട്‌ നടന്നു. കാര്‍ഷിക മേഖലയിലെ ഈ ഉണര്‍വ്‌ പുതിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ വരവിന്‌ പശ്ചാത്തലമൊരുക്കുന്നതായിരുന്നു.

ഈ കാലഘട്ടത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും വളര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. 1929 ല്‍ ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്‌ഘടനയിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാന്‍ തുടങ്ങി. ഈ കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ രൂപപ്പെടാനും ശക്തിപ്രാപിക്കാനും തുടങ്ങി. 1922 ല്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപപ്പെട്ടിരുന്നു. ഇത്തരം സംഘടനകള്‍ പിന്നീട്‌ ഉശിരന്‍ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളായി രൂപം പ്രാപിക്കുകയായിരുന്നു. കോഴിക്കോട്‌, കണ്ണൂര്‍, പാപ്പിനിശേരി, തലശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പണിമുടക്കുകള്‍ സംഘടിപ്പിക്കപ്പെട്ടു. 1935 മെയില്‍ ഒന്നാമത്തെ കേരള തൊഴിലാളി സമ്മേളനം കോഴിക്കോട്‌ സംഘടിപ്പിക്കപ്പെട്ടു. ഒരു സ്വതന്ത്ര വര്‍ഗശക്തി എന്ന നിലയില്‍ തൊഴിലാളിവര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഈ ഇടപെടല്‍ കമ്യൂണിസ്റ്റ്‌ ആശയപ്രചരണത്തിന്‌ പശ്ചാത്തലമൊരുക്കി. ഈ ഘട്ടത്തില്‍ തിരുവിതാംകൂറില്‍ കയര്‍ തൊഴിലാളികളും സംഘടിച്ച്‌ ശക്തിപ്രാപിക്കുന്ന നിലയുണ്ടായി. കൊച്ചിയില്‍ കൊച്ചിന്‍ സ്റ്റെര്‍ലിങ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ പോലുള്ള സംഘടനകളും രൂപപ്പെട്ടുതുടങ്ങി. ലേബര്‍ ബ്രദര്‍ഹുഡും അളഗപ്പ ടെക്‌സ്റ്റൈല്‍സിലെയും സീതാറാം മില്ലിലെയും യൂണിയനുകളും രൂപപ്പെട്ടുതുടങ്ങി. 1937 ല്‍ തൃശൂരില്‍ രണ്ടാം അഖിലകേരള തൊഴിലാളി സമ്മേളനവും നടക്കുകയുണ്ടായി. തൊഴിലാളികള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ഈ സംഘടനാബോധം പുതിയ രാഷ്‌ട്രീയത്തിനുള്ള മണ്ണൊരുക്കുകയായിരുന്നു.

1930 കളുടെ തുടക്കത്തില്‍ ഗുണപരമായ മറ്റു ചില ചുവടുവെപ്പുകളും ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. അതില്‍ സുപ്രധാനമായതായിരുന്നു തിരുവിതാംകൂറില്‍ നടന്ന നിവര്‍ത്തനപ്രക്ഷോഭം. അന്നേവരെ അവര്‍ണരായി, അവശരായി ചവിട്ടിതാഴ്‌ത്തപ്പെട്ടിരുന്നവര്‍ ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട്‌ രംഗത്തുവന്നു. ഇത്‌ ഭരണത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും ഉദ്യോഗത്തില്‍ സംവരണവും എന്ന മുദ്രാവാക്യത്തെ പൊതുധാരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ഇടയാക്കി. ഇത്‌ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പുതിയ ആവേശം പകരുന്നതായിരുന്നു.

നാല്‌ : കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി

സോവിയറ്റ്‌ വിപ്ലവത്തില്‍ ആവേശം കൊണ്ടവര്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി രൂപീകരിക്കുന്ന അവസ്ഥയും ഈ ഘട്ടത്തിലുണ്ടായി. തൊഴിലാളികളുടേയും കൃഷിക്കാരുടേയും സംഘടനകള്‍, അവരുടെ പാര്‍ടി, അവരുടെ ഭരണം എന്നത്‌ ഇവരെ തികച്ചും ആവേശം കൊള്ളിച്ചു. എങ്കിലും സോഷ്യലിസത്തെപ്പറ്റിയോ, മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെപ്പറ്റിയോ ഇവര്‍ക്ക്‌ അറിയില്ലായിരുന്നു. ഈ സ്ഥിതിവിശേഷത്തെ സ: ഇ.എം.എസ്‌ ഇങ്ങനെ വിലയിരുത്തുന്നു:

``സോഷ്യലിസ്റ്റ്‌ ആശയം സംബന്ധിച്ച്‌ ഞങ്ങളുടെ ധാരണകള്‍ അപൂര്‍ണ്ണവും, അവ്യക്തവുമായിരുന്നു. എങ്കിലും ഞങ്ങള്‍ക്കുള്ള ധാരണയെങ്കിലും അന്നുണ്ടായിരുന്ന പ്രചാരണസൗകര്യം ഉപയോഗിച്ച്‌ ജനങ്ങളുടെ ഇടയില്‍ വ്യാപിപ്പിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു. സോഷ്യലിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ചു പറയത്തക്ക വിവരമൊന്നുമില്ല. എന്നാല്‍ അവയുടെ സജീവ പ്രതീകമാണ്‌ സോവിയറ്റ്‌ യൂണിയനെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. എന്തുകൊണ്ടെന്നാല്‍ മുതലാളിത്തലോകത്തില്‍ അതിഭയങ്കരവും സര്‍വ്വവ്യാപിയുമായ ഒരു സാമ്പത്തികകുഴപ്പം നടമാടുന്ന സമയമാണിത്‌. അതേ അവസരത്തില്‍ സോവിയറ്റ്‌ യൂണിയന്‍ അതിന്റെ ഒന്നാം പഞ്ചവത്സരപദ്ധതി വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌. മറ്റൊരു രാജ്യത്തിലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ത്വരിതമായി അവിടത്തെ സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുകയാണ്‌. മുതലാളിത്ത വ്യവസ്ഥയുടെ തിന്മയും സോഷ്യലിസത്തിന്റെ മേന്മയും വ്യക്തമാകുവാന്‍ ഇതില്‍ കൂടുതലെന്തെങ്കിലും വേണോ? സോഷ്യലിസത്തിന്റെ മൗലികപ്രമാണങ്ങള്‍ സംബന്ധിച്ചു താത്വികാടിസ്ഥാനത്തില്‍ പഠനം നടത്താന്‍ സൗകര്യം കിട്ടിയില്ലാത്ത ഞങ്ങള്‍ക്ക്‌ സോഷ്യലിസത്തിന്‌ അനുകൂലമായ അഭിപ്രായം സ്വയം ഉണ്ടാവാനും അത്‌ ജനങ്ങളോട്‌ പറയാനും സഹായിച്ച വസ്‌തുതയാണ്‌.''

സോവിയറ്റ്‌ റഷ്യയില്‍ ഉണ്ടായതുപോലുള്ള ഒരു ഭരണം സ്ഥാപിക്കണമെങ്കില്‍ അവിടേക്കുള്ള മാര്‍ഗ്ഗം കൃഷിക്കാരുടേയും, തൊഴിലാളികളുടേയും സംഘടന കെട്ടിപ്പടുക്കലാണ്‌. അവരെ അവകാശബോധമുള്ളവരാക്കി ദേശീയപ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരത്തലാണ്‌. അതു മാത്രമല്ല ഗ്രാമത്തിന്റെ പ്രാഥമിക ഘടകം മുതല്‍ കേന്ദ്രതലം വരെ പരസ്‌പരം ബന്ധപ്പെടുന്ന സംഘടനാശൃംഖലയും ഉണ്ടാക്കി.

അഞ്ച്‌ : പഠനം പരിശീലനം.

പാര്‍ടി ഘടകങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ടതവസാനിപ്പിച്ചില്ല. അവരില്‍ രാഷ്‌ട്രീയ ബോധം രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനു ഗ്രാമങ്ങളില്‍ വായനശാലകള്‍, ഗ്രന്ഥശാലകള്‍, നിശാപാഠശാലകള്‍ എന്നിവ ഉണ്ടാക്കി അവരെ പഠിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നു. അതേ ലക്ഷ്യത്തോടെ 'പ്രഭാതം' വാരികയും തുടങ്ങി.

പിന്നീടതിനു ഒരു കേന്ദ്രീകൃതരൂപം നല്‍കി. മങ്കട - പള്ളിപ്പുറത്ത്‌ ഒരു മാസം നീണ്ടുനിന്ന പഠന പരിശീലനക്യാമ്പ്‌ അത്തരത്തിലുള്ള ഒന്നായിരുന്നു. അവിടെ കായികവും മാനസികവുമായ പഠനമായിരുന്നു നടന്നത്‌. സംസ്ഥാനത്താകെ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേര്‍ അതില്‍ പങ്കെടുത്തു.

അവിടെ പരിശീലനം നേടിയവര്‍ പിന്നീട്‌ ജില്ലാനിലവാരത്തിലും ക്ലാസും പരിശീലനവും കൊടുത്തു. അവര്‍ താലൂക്കുകളില്‍ ക്ലാസുകള്‍ നടത്തി. പിന്നീടത്‌ ഗ്രാമങ്ങളിലുമെത്തി. അങ്ങനെ സംസ്ഥാനമാകെ പഠനവും, പരിശീലനവും കൊടുത്ത്‌ പുത്തനൊരു രാഷ്‌ട്രീയപ്രവര്‍ത്തനം സജീവമായി. കേരളത്തെയാകെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സംഘടനാ സംവിധാനമായി ഇത്‌ മാറി.

ആറ്‌ : കോണ്‍ഗ്രസ്‌, സാധാരണക്കാരുടെ


ജയിലില്‍ വെച്ച്‌ തീരുമാനിച്ചതുപോലെ കൃഷിക്കാരെയും, തൊഴിലാളികളേയും സംഘടിപ്പിച്ച്‌ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തിനായി അവര്‌ പ്രവര്‍ത്തിച്ചു. അത്‌ സാക്ഷാത്‌കരിക്കാനും ഇവര്‍ക്ക്‌ കഴിഞ്ഞു

1934ല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ മൂവായിരത്തോളം മാത്രമായിരുന്നു. 1938-39 കാലങ്ങളിലാവട്ടെ അത്‌ അറുപതിനായിരത്തോളം ഉയര്‍ന്നു. അക്കാലമാവുമ്പോഴേക്കും കോണ്‍ഗ്രസിന്‌ മുന്നൂറിലധികം വില്ലേജുകമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്ന വില്ലേജ്‌-ടൗണ്‍-ജില്ലാ-സംസ്ഥാനകമ്മിറ്റികള്‍ ഈ ഘട്ടത്തില്‍ നിലവില്‍വന്നു.

അടിസ്ഥാനതലം വരെ സംഘടന വികസിച്ച്‌ കോണ്‍ഗ്രസ്‌ സാധാരണക്കാരുടെ കൈകളിലേക്ക്‌ പോകുന്നതിനെ വലതുപക്ഷക്കാരായ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ എതിരായിരുന്നു -. ഇടതുപക്ഷക്കാരാണ്‌ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറക്കിക്കൊണ്ടുവന്നത്‌.

No comments:

Post a Comment