Wednesday, March 30, 2011

സി പി ഐ (എം) ഭരണഘടന

സി പി ഐ (എം) ഭരണഘടന
വകുപ്പ്‌ 1
പേര്‌
പാര്‍ട്ടിയുടെ പേര്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌) എന്നാകുന്നു.
വകുപ്പ്‌ 2
ലക്ഷ്യം
ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.
വകുപ്പ്‌ 3
കൊടി
വീതിയുടെ ഒന്നരമടങ്ങ്‌ നീളമുള്ള ചെങ്കൊടിയാണ്‌ പാര്‍ട്ടിയുടെ കൊടി. കൊടിയുടെ മധ്യത്തിലായി വെളുത്തനിറത്തില്‍ വിലങ്ങനെവെച്ച അരിവാളും ചുറ്റികയും ഉണ്ടായിരിക്കും.
വകുപ്പ്‌ 4
അംഗത്വം
1. പാര്‍ട്ടിയുടെ ഭരണഘടനയും പരിപാടിയും അംഗീകരിക്കുകയും ഏതെങ്കിലും ഒരു പാര്‍ട്ടിസംഘടനയില്‍ പ്രവര്‍ത്തിക്കാനും കൃത്യമായി അംഗവരിയും ലെവിയും (വരിയും ലെവിയും പാര്‍ട്ടി നിശ്ചയിക്കുന്ന പ്രകാരം) നല്‍കാനും പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കാനും സന്നദ്ധനാകുകയും ചെയ്യുന്ന, പതിനെട്ടോ കൂടുതലോ വയസായ ഏത്‌ ഇന്ത്യന്‍ പൗരനും പാര്‍ട്ടി അംഗത്വത്തിന്‌ അര്‍ഹനാണ്‌.

2. എ. രണ്ട്‌ പാര്‍ട്ടി മെമ്പര്‍മാരുടെ ശുപാര്‍ശയോടെ ഓരോരുത്തരായി സമര്‍പ്പിക്കുന്ന അപേക്ഷപ്രകാരമാണ്‌ പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത്‌. ഒരു അപേക്ഷകനെ പാര്‍ട്ടി അംഗത്വത്തിന്‌ ശുപാര്‍ശചെയ്യുന്ന പാര്‍ട്ടി അംഗങ്ങള്‍ അയാളെപ്പറ്റി തങ്ങള്‍ക്ക്‌ നേരിട്ടറിയാവുന്ന വിവരങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ ബന്ധപ്പെട്ട പാര്‍ട്ടി ബ്രാഞ്ചിനോ ഘടകത്തിനോ നല്‍കേണ്ടതാണ്‌. അപേക്ഷകനെ പാര്‍ട്ടിയില്‍ ചേര്‍ക്കാമെങ്കില്‍ പാര്‍ട്ടിബ്രാഞ്ച്‌ തൊട്ടടുത്ത മേല്‍ക്കമ്മിറ്റിയോട്‌ ശുപാര്‍ശചെയ്യണം. ആ മേല്‍ക്കമ്മിറ്റിയാണ്‌ എല്ലാ ശുപാര്‍ശകളെയുംപറ്റി തീരുമാനമെടുക്കുന്നത്‌.

ബി. പാര്‍ട്ടിബ്രാഞ്ചിനു മുകളില്‍ മുതല്‍ കേന്ദ്രകമ്മിറ്റിവരെയുള്ള പാര്‍ട്ടികമ്മിറ്റികള്‍ക്കും പുതിയ അംഗങ്ങളെ നേരിട്ട്‌ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അധികാരമുണ്ട്‌.

3. എ. പാര്‍ട്ടി അംഗത്വത്തിനുവേണ്ടിയുള്ള അപേക്ഷകളെല്ലാം അവതരണത്തിനും ശുപാര്‍ശക്കും ശേഷം ഒരു മാസത്തിനകം അധികാരപ്പെട്ട മേല്‍ക്കമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

ബി. അപേക്ഷകനെ പാര്‍ട്ടിയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ ചേര്‍ത്ത തിയതി മുതല്‍ ഒരു വര്‍ഷത്തേക്ക്‌ അയാള്‍ സ്ഥാനാര്‍ഥി അഥവാ കാന്‍ഡിഡേറ്റ്‌ അംഗമായി കരുതപ്പെടുന്നതാണ്‌.

4. മറ്റു പാര്‍ട്ടിയില്‍ പ്രാദേശിക-ജില്ല-സംസ്ഥാന നിലവാരങ്ങളില്‍ നേതൃത്വപദവിയിലുണ്ടായിരുന്ന ഒരാള്‍ക്ക്‌ അംഗത്വം നല്‍കുന്നതിന്‌ അതേ നിലവാരത്തിലുള്ള പ്രദേശിക കമ്മിറ്റിയുടെ ജില്ലാ-സംസ്ഥാന കമ്മിറ്റിയുടെയോ അംഗീകാരത്തിനുപുറമെ തൊട്ടുമേലുള്ള കമ്മിറ്റിയുടെ അനുവാദവും ഉണ്ടായിരിക്കണം. അസാധാരണമായ ചില കേസുകളില്‍ കേന്ദ്രകമ്മിറ്റിക്കോ സംസ്ഥാനകമ്മിറ്റിക്കോ അത്തരക്കാര്‍ക്ക്‌ പൂര്‍ണഅംഗത്വം നല്‍കാം. സംസ്ഥാനകമ്മിറ്റി അപ്രകാരം അംഗത്വം നല്‍കുമ്പോള്‍ മുന്‍കൂട്ടി കേന്ദ്രകമ്മിറ്റിയുടെ അനുവാദം വാങ്ങണം.

5. ഒരിക്കല്‍ പാര്‍ട്ടി അംഗത്വത്തില്‍ പുറത്താക്കപ്പെട്ടാല്‍ അയാളെ വീണ്ടും പാര്‍ട്ടിയില്‍ എടുക്കുന്നതിന്‌ പുറത്താക്കല്‍ തീരുമാനം സ്വീകരിച്ച പാര്‍ട്ടികമ്മിറ്റിയുടെയോ അതിനേക്കാള്‍ ഉയര്‍ന്ന ഏതെങ്കിലും കമ്മിറ്റിയുടെയോ തീരുമാനം ഉണ്ടായിരിക്കണം.

6. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ തിരഞ്ഞെടുക്കപ്പെടാനോ ഏതെങ്കിലും പ്രമേയത്തെ സംബന്ധിച്ച്‌ വോട്ടുചെയ്യാനോ ഉള്ള അവകാശങ്ങളൊഴിച്ചാല്‍ പൂര്‍ണ അംഗങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും ചുമതലകളും സ്ഥാനാര്‍ഥി അംഗങ്ങള്‍ക്കും ഉണ്ടായിരിക്കും.

7. ഏതെങ്കിലും ഒരു ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ സ്ഥാനാര്‍ഥി അംഗങ്ങളെ ചേര്‍ത്തുകഴിഞ്ഞാല്‍, പാര്‍ട്ടിയുടെ പരിപാടി, ഭരണഘടന, സമകാലികനയങ്ങള്‍ എന്നിവ സംബന്ധിച്ച്‌ അവരുടെ പ്രാഥമിക പഠനത്തിന്‌ അതത്‌ ഘടകങ്ങള്‍ ഏര്‍പ്പാടുണ്ടാക്കേണ്ടതും പാര്‍ട്ടിബ്രാഞ്ചിലോ ഘടകത്തിലോ അംഗങ്ങള്‍ എന്ന നിലക്ക്‌ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിക്കൊണ്ട്‌ അവരുടെ വളര്‍ച്ചയെ അവലോകനം ചെയ്യേണ്ടതുമാണ്‌.

8. സ്ഥാനാര്‍ഥി അംഗത്വം കാലാവധി അവസാനിച്ചാല്‍ ബന്ധപ്പെട്ട പാര്‍ട്ടിബ്രാഞ്ചോ കമ്മിറ്റിയോ പൂര്‍ണഅംഗത്വം ലഭിക്കാന്‍ അയാള്‍ യോഗ്യനായോ എന്ന കാര്യം ചര്‍ച്ചചെയ്യണം. സ്ഥാനാര്‍ഥി അംഗം അയോഗ്യനാണെന്നു കണ്ടാല്‍ പാര്‍ട്ടി ബ്രാഞ്ചോ കമ്മിറ്റിയോ അയാളുടെ സ്ഥാനാര്‍ഥി അംഗത്വം റദ്ദു ചെയ്യേണ്ടതാണ്‌. പൂര്‍ണഅംഗത്വം നല്‍കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ അടുത്ത മേല്‍കമ്മിറ്റിക്ക്‌ കൃത്യമായി അയക്കേണ്ടതാണ്‌.

9. ആ റിപ്പോര്‍ട്ട്‌ പരിശോധിച്ചതിനുശേഷം അത്‌ സമര്‍പ്പിച്ച പാര്‍ട്ടിബ്രാഞ്ചിനോടോ കമ്മിറ്റിയോടോ കൂടിആലോചിച്ചുകൊണ്ട്‌ അത്‌ ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. സ്ഥാനാര്‍ഥി അംഗങ്ങളെ റിക്രൂട്ട്‌ ചെയ്യുന്ന കാര്യത്തിലും ജില്ലാകമ്മിറ്റികള്‍ക്ക്‌ മേല്‍നോട്ടാധികാരമുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കീഴ്‌കമ്മിറ്റികള്‍ എടുത്ത തീരുമാനങ്ങള്‍ ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. സ്ഥാനാര്‍ഥിഅംഗങ്ങളെ റിക്രൂട്ട്‌ ചെയ്യുന്ന കാര്യത്തിലും പൂര്‍ണഅംഗത്വം നല്‍കുന്ന കാര്യത്തിലും ജില്ലാകമ്മിറ്റിക്ക്‌ മേല്‍നോട്ടാധികാരം ഉണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കീഴ്‌കമ്മിറ്റികള്‍ എടുത്ത തീരുമാനങ്ങള്‍ ഭേദപ്പെടുത്താനോ നിരസിക്കാനോ മേല്‍ക്കമ്മിറ്റികള്‍ക്ക്‌ അവകാശമുണ്ടായിരിക്കും.

10. ഏതു പാര്‍ട്ടിഅംഗത്തിനും തന്റെ ഘടകത്തിന്റെ അനുമതിയോടുകൂടി മറ്റൊരു ഘടകത്തിലേക്ക്‌ മാറാവുന്നതാണ്‌. അതിനുള്ള അപേക്ഷ തന്റെ ഘടകത്തിലൂടെ ബന്ധപ്പെട്ട രണ്ട്‌ ഘടകങ്ങളും ഏത്‌ മേല്‍ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുവോ അതിന്‌ അയച്ചുകൊടുക്കേണ്ടതാണ്‌.

വകുപ്പ്‌ 5
പാര്‍ട്ടി പ്രതിജ്ഞ
പാര്‍ട്ടിയില്‍ ചേരുന്ന സകലരും പാര്‍ട്ടി പ്രതിജ്ഞയില്‍ ഒപ്പുവെയ്‌ക്കണം. പാര്‍ട്ടി പ്രതിജ്ഞ ഇപ്രകാരമാണ്‌.

ഞാന്‍ പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അംഗീകരിക്കുകയും അതിന്റെ ഭരണഘടനക്ക്‌ വിധേയമായി പാര്‍ട്ടി തീരുമാനങ്ങള്‍ കൂറോടെ നടപ്പാക്കിക്കൊള്ളാമെന്ന്‌ സമ്മതിക്കുകയും ചെയ്യുന്നു. ഞാന്‍ കമ്യൂണിസ്റ്റ്‌ ആദര്‍ശത്തിനനുസരിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുകയും തൊഴിലാളിവര്‍ഗത്തെയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും രാജ്യത്തെയും നിസ്വാര്‍ഥമായി സേവിക്കുകയും എല്ലായ്‌പ്പോഴും പാര്‍ട്ടിയുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്‌.
വകുപ്പ്‌ 6
പാര്‍ട്ടി അംഗത്വരേഖകള്‍

പാര്‍ട്ടിഅംഗത്വം സംബന്ധിച്ച എല്ലാ രേഖകളും ജില്ലാകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കുന്നതാണ്‌.
വകുപ്പ്‌ 7
പാര്‍ട്ടി അംഗത്വപരിശോധ
1. വര്‍ഷം തോറും പാര്‍ട്ടിഅംഗത്വം സംബന്ധിച്ച്‌ ഒരു ചെക്ക്‌-അപ്പ്‌ (ഒത്തുനോക്കല്‍ പരിശോധന) നടത്തുന്നതാണ്‌. അവരവര്‍ അംഗമായിരിക്കുന്ന പാര്‍ട്ടി സംഘടനയാണ്‌ ഇത്‌ നടത്തുക. ശരിയായ കാരണം കൂടാതെ തുടര്‍ച്ചയായി കുറെ കാലത്തേക്ക്‌ പാര്‍ട്ടിജീവിതത്തിലും പ്രവര്‍ത്തനത്തിലും പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാര്‍ട്ടിഅംഗത്വത്തില്‍നിന്ന്‌ തള്ളിക്കളയുന്നതാണ്‌.

2. പാര്‍ട്ടി അംഗത്തെ സംബന്ധിച്ച്‌ നടത്തിയ ചെക്ക്‌-അപ്പിന്റെ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ സ്ഥിരീകരണത്തിനും രേഖ സൂക്ഷിപ്പിനുമായി തൊട്ടടുത്ത മേല്‍കമ്മിറ്റിക്ക്‌ അയക്കണം.
വകുപ്പ്‌ 8
പാര്‍ട്ടിഅംഗത്വം രാജിവെക്കല്‍
1. തന്റെ അംഗത്വം രാജിവെക്കണമെന്ന്‌ ആഗ്രഹിക്കുന്ന ആള്‍ താന്‍ അംഗമായിരിക്കുന്ന പാര്‍ട്ടിബ്രാഞ്ചിനോ ഘടകത്തിനോ രാജി സമര്‍പ്പിക്കേണ്ടതാണ്‌. ബന്ധപ്പെട്ട ഘടകത്തിന്‌ ആ രാജി സ്വീകരിച്ച്‌ അയാളുടെ പേര്‍ അംഗത്വപട്ടികയില്‍നിന്ന്‌ നീക്കിക്കളയാവുന്നതാണ്‌. ഈ വിവരം അടുത്ത മേല്‍ക്കമ്മിറ്റിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയും വേണം. രാഷ്‌ട്രീയകാരണംകൊണ്ടാണ്‌ രാജിവെക്കുന്നതെങ്കില്‍ രാജി തള്ളിക്കളഞ്ഞ്‌ അയാളെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കേണ്ടതാണ്‌.

2. പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ തക്കവിധം ഗുരുതരമായ അച്ചടക്കക്കുറ്റം ആരോപിക്കപ്പെടാന്‍ ഇടയുള്ള ആളാണ്‌ രാജിവെക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ കുറ്റാരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ആ രാജി പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കലായി കണക്കാക്കി നടപ്പില്‍ വരുത്തേണ്ടതുമാണ്‌.

3. അങ്ങനെ പുറംതള്ളലായി നടപ്പില്‍വരുത്തുന്ന എല്ലാ രാജിക്കാര്യങ്ങളും ഉടനടി അടത്ത മേല്‍കമ്മിറ്റിക്ക്‌ റിപ്പോര്‍ട്ടുചെയ്യേ ണ്ടതും ആ കമ്മിറ്റിയുടെ സ്ഥിരീകരണത്തിന്‌ വിധേയമാക്കേണ്ടതുമാണ്‌.
വകുപ്പ്‌ 9
അംഗവരി
1. ഓരോ പാര്‍ട്ടിഅംഗവും സ്ഥാനാര്‍ഥിഅംഗവും പാര്‍ട്ടി അംഗവരിയായി പ്രതിവര്‍ഷം രണ്ടു രൂപവീതം നല്‍കേണ്ടതാണ്‌. പാര്‍ട്ടിയില്‍ ചേരുന്ന സമയത്തോ ഓരോ വര്‍ഷവും മാര്‍ച്ച്‌ മാസം അവസാനിക്കുന്നതിന്‌ മുമ്പോ ഈ പ്രതിവര്‍ഷ പാര്‍ട്ടി വരിസംഖ്യ ഓരോ അംഗവും ബന്ധപ്പെട്ട ബ്രാഞ്ച്‌ അല്ലെങ്കില്‍ യൂണിറ്റ്‌ സെക്രട്ടറിക്ക്‌ നല്‍കേണ്ടതാണ്‌. തക്കസമയത്ത്‌ ഒരു അംഗം വരിസംഖ്യ നല്‍കാത്തപക്ഷം അംഗത്വപട്ടികയില്‍നിന്ന്‌ ആ അംഗത്തിന്റെ പേര്‍ നീക്കം ചെയ്യപ്പെടും.
പരിതഃസ്ഥിതികള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ കേന്ദ്രകമ്മിറ്റിക്ക്‌ ഈ അവസാനതിയതി നീട്ടാവുന്നതാണ്‌.

2. പാര്‍ട്ടി അംഗങ്ങളില്‍നിന്ന്‌ ശേഖരിക്കുന്ന വരിസംഖ്യ മുഴുവന്‍ പാര്‍ട്ടിബ്രാഞ്ചോ ഘടകമോ തക്കതായ പാര്‍ട്ടികമ്മിറ്റികളിലൂടെ കേന്ദ്രകമ്മിറ്റിയെ ഏല്‍പ്പിക്കണം.
വകുപ്പ്‌ 10
പാര്‍ട്ടി ലെവി
കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം ഒരു പ്രതിമാസ ലെവി എല്ലാ പാര്‍ട്ടിഅംഗങ്ങളും അടയ്‌ക്കണം. വര്‍ഷാ വര്‍ഷമായോ കാലാകാലത്തിലോ മാത്രം വരുമാനം കിട്ടുന്നവര്‍ നിശ്ചിത ശതമാനം അനുസരിച്ച്‌ ഓരോ കാലത്തിന്റെയും ആദ്യമോ മുമ്മൂന്നു മാസത്തിലാദ്യമോ ലെവി അടയ്‌ക്കേണ്ടതാണ്‌. നിശ്ചിതസമയത്തെ തുടര്‍ന്ന്‌ മൂന്നുമാസം കഴിഞ്ഞിട്ടും ലെവി അടയ്‌ക്കാത്ത ആളുകളുടെ പേര്‍ പാര്‍ട്ടിയുടെ അംഗത്വപട്ടികയില്‍നിന്ന്‌ നീക്കം ചെയ്യുന്നതാണ്‌.
വകുപ്പ്‌ 11
പാര്‍ട്ടിഅംഗങ്ങളുടെ ചുമതലകള്‍

1. പാര്‍ട്ടി അംഗങ്ങളുടെ ചുമതലകള്‍ താഴെ ചേര്‍ക്കുന്നു:


എ. തങ്ങള്‍ അംഗമായിട്ടുള്ള പാര്‍ട്ടി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി പങ്കുകൊള്ളുകയും പാര്‍ട്ടിയുടെ നയവും തീരുമാനങ്ങളും നിര്‍ദേശങ്ങളും വിശ്വസ്‌തതയോടെ നടപ്പാക്കുകയും ചെയ്യുക.

ബി. മാര്‍ക്‌സിസം-ലെനിനിസം പഠിക്കുകയും സ്വന്തം അറിവിന്റെ നിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുക.

സി. പാര്‍ട്ടിപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുകയും അവ നിലനിര്‍ത്താന്‍ സഹായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഡി. പാര്‍ട്ടി ഭരണഘടന മാനിക്കുക, അച്ചടക്കം പാലിക്കുക, കമ്യൂണിസത്തിന്റെ മഹീനയ ആദര്‍ശങ്ങള്‍ക്ക്‌ അനുസരണമായും തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടും പൊരുമാറുക.

ഇ. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ ഉപരി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക്‌ സ്ഥാനം നല്‍കുക.
എഫ്‌. ബഹുജനങ്ങളെ അര്‍പ്പണമനോഭാവത്തോടെ സേവിക്കുകയും അവരുമായുള്ള ബന്ധം നിരന്തരം ശക്തിപ്പെടുത്തുകയും ചെയ്യുക. ബഹുജനങ്ങളില്‍നിന്ന്‌ കാര്യങ്ങള്‍ ഗ്രഹിക്കുക; അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടിക്ക്‌ റിപ്പോര്‍ട്ടുചെയ്യുക. പ്രത്യേകം ഒഴിവാക്കപ്പെടാത്ത പക്ഷം പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ ഏതെങ്കിലും ഒരു ബഹുജനസംഘടനയില്‍ പ്രവര്‍ത്തിക്കുക.

No comments:

Post a Comment