Thursday, November 17, 2011

പാളിപ്പോയ രാഷ്ട്രീയ സമവാക്യങ്ങള്‍

1929ലെ ആഗോള സാമ്പത്തികത്തകര്‍ച്ചയെ വെല്ലുന്ന തോതിലേക്ക് 2008ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി അതിവേഗം വികസിച്ചുവരികയാണ്. ആഗോള മുതലാളിത്തത്തിന്റെ കരിങ്കോട്ടയായി കണക്കാക്കപ്പെടുന്ന ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനായി സുക്കോട്ടി പാര്‍ക്ക് കേന്ദ്രീകരിച്ച് ജനങ്ങള്‍ ആരംഭിച്ച കലാപത്തിന് രണ്ടുമാസം തികയുകയാണ്. തകരുന്ന ബാങ്കുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും 99 ശതമാനം വരുന്ന നികുതിദായകരുടെ പണം വാരിക്കോരികൊടുത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ബറാക് ഒബാമ ഭരണകൂടം ശ്രമിച്ചിട്ടും ഫലമൊന്നും കാണുന്നില്ല. മാത്രമല്ല അമേരിക്കന്‍ സാമ്പത്തികക്കുഴപ്പത്തിന്റെ അലകള്‍ യൂറോപ്പ് ഉള്‍പ്പെടെ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയുടെ ഫലമായി തൊഴിലില്ലായ്മയും പിരിച്ചുവിടലും മറ്റു കഷ്ടതകളും അനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ചൈനയില്‍ ഇതിന്റെ പ്രത്യാഘാതം കാണുന്നില്ലെങ്കിലും ഇന്ത്യയില്‍ വളരെ പ്രകടമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് ജനങ്ങളില്‍ അധികഭാരം കെട്ടിവയ്ക്കുകയാണ് യുപിഎ സര്‍ക്കാര്‍ . അതിന് മീതെ അഭൂതപൂര്‍വമായ അഴിമതിയും കള്ളപ്പണത്തിന്റെ വ്യാപകമായ സ്വാധീനവും ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു. ഈ സാമ്പത്തികത്തകര്‍ച്ച രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുകയാണ്.



ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും എതിരെ നിലകൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ പല രാജ്യങ്ങളിലും അധികാരത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. അര്‍ജന്റീനയില്‍ തുടര്‍ച്ചയായി നാലാം വട്ടവും ഇടതുപക്ഷ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടത് ഈ പംക്തിയില്‍ നേരത്തെ വിവരിച്ചിരുന്നു. ആദ്യത്തെ രണ്ടുവട്ടം നെസ്റ്റര്‍ കിര്‍ച്നര്‍ ആയിരുന്നു ഇടതുപക്ഷത്തെ പ്രതിനിധാനംചെയ്ത് പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. ഒരാള്‍ക്ക് രണ്ടുതവണയില്‍ കൂടുതല്‍ മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ട് തുടര്‍ന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചത് അദ്ദേഹത്തിന്റെ പത്നി ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നര്‍ ആണ്. തെരഞ്ഞെടുപ്പിലൂടെ അര്‍ജന്റീനയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യവനിതകൂടിയാണ് ക്രിസ്റ്റീന. നിക്കരാഗ്വയില്‍ ഇടതുപക്ഷത്തിന്റെ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ ബ്രസീലില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും ഇടതുപക്ഷം അധികാരത്തില്‍ വന്നിരിക്കുന്നു. ഡില്‍മ റൗസേഫ് ആണ് ബ്രസീല്‍ ഭരിക്കുന്നത്. ഇപ്പോള്‍ പത്തോളം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭരണം നടത്തുന്നത് ഇടതുപക്ഷമാണ്. മാറ്റത്തിന്റെ കാറ്റ് യൂറോപ്പിലും യൂറോപ്പിലും മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ഡേവിഡ് മിലിബാന്‍ഡ്, ലേബര്‍ പാര്‍ടിയുടെ നയങ്ങളാകെ പൊളിച്ചെഴുതി ഇടതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അധികം താമസിയാതെ നടക്കാനിരിക്കുന്ന ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള ടോറി(യാഥാസ്ഥിതിക) സര്‍ക്കാര്‍ നിലംപൊത്തുമെന്നും മിലിബാന്‍ഡിന്റെ ലേബര്‍പാര്‍ടി അധികാരത്തില്‍ വരുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യൂറോപ്പില്‍ സാമ്പത്തികക്കുഴപ്പത്തിന്റെ കെടുതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ളതും അതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിട്ടുള്ളതും ഗ്രീസിലും ഇറ്റലിയിലുമാണ്. ഗ്രീസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ജനങ്ങള്‍ തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ സമരത്തിലാണ്. പ്രധാനമന്ത്രി ജോര്‍ജ് പാപാന്‍ന്ദ്ര്യൂ രാജിവച്ചു. ഇടക്കാല പ്രധാനമന്ത്രിയായി ലൂക്കാസ് പാപെദെമോസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി രാജിവയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. കഴിഞ്ഞയാഴ്ച കാനില്‍ (ഫ്രാന്‍സ്) നടന്ന ഇരുപത് സമ്പന്ന രാഷ്ട്രങ്ങളുടെ (ജി20) ഉച്ചകോടിയുടെ ലക്ഷ്യം യൂറോപ്പും പ്രത്യേകിച്ച് ഗ്രീസും നേരിടുന്ന കുഴപ്പത്തിന് പരിഹാരം കാണലായിരുന്നു. പക്ഷേ ഉച്ചകോടിക്ക് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. ജി 20 ന്റെ ധനസഹായവും വായ്പയും അന്തര്‍ദേശീയനാണയ നിധിയിലൂടെ(ഐഎംഎഫ്)യാണ്. സാമ്പത്തികത്തകര്‍ച്ചയോടെ അവരുടെ ഖജനാവും കാലിയായി. കോടീശ്വരന്റെ കൊടിയിറക്കം ഇറ്റലി യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും വലിയ സ്വാധീനമുള്ള രാജ്യമാണ് ഇറ്റലി. അതുകാരണം ആഗോളവല്‍ക്കരണാദി നയങ്ങളെ ഇറ്റലി അടുത്തകാലംവരെ ചെറുത്തുനിന്നു. എന്നാല്‍ , ഇറ്റലിയിലെ മാധ്യമങ്ങളില്‍ തൊണ്ണൂറുശതമാനത്തിലേറെ കൈയടക്കിവച്ചിരിക്കുന്ന കോടീശ്വരന്‍ സില്‍വിയോ ബെര്‍ലുസ്കോണി അധികാരത്തിലെത്തിയതോടെ ഈ ജനക്ഷേമ നയങ്ങളാകെ ഉപേക്ഷിക്കപ്പെട്ടു. സ്വാഭാവികമായും ഇറ്റലിയുടെ ദേശീയതാല്‍പ്പര്യങ്ങളേക്കാള്‍ ആഗോള മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു നിരവധി അഴിമതിക്കേസുകളില്‍ പ്രതികൂടിയായ ബെര്‍ലുസ്കോണി മുന്‍തൂക്കം നല്‍കിയത്. അഴിമതിക്കേസുകളില്‍നിന്ന് വിമുക്തനാകാന്‍ നിയമനിര്‍മാണംകൂടി നടത്തിയ ആളാണ് ബെര്‍ലുസ്കോണി. സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ പ്രതിധ്വനി പാര്‍ലമെന്റിലും എത്തിയതോടെ ബെര്‍ലുസ്കോണി രാജിക്ക് തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വാര്‍ഷിക ബജറ്റ് വോട്ടിനിട്ടപ്പോള്‍ ബെര്‍ലുസ്കോണിയുടെ പക്ഷം തോറ്റുപോയിരുന്നു.



അയര്‍ലന്‍ഡിലും ഇടതുപക്ഷം

അയര്‍ലന്‍ഡ് ഉറച്ച കത്തോലിക്കാ രാഷ്ട്രമാണ്. ഇടതുപക്ഷക്കാര്‍ അവിടെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാറില്ല. എന്നാല്‍ ,കഴിഞ്ഞ ഒക്ടോബര്‍ 27ന് നടന്ന പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അക്കാദമീഷ്യനും ഇടതുപക്ഷ സൈദ്ധാന്തികനുമായ മൈക്കേല്‍ ഡി ഹിഗ്ഗിന്‍സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് രൂക്ഷമായി വരുന്ന സാമ്പത്തികക്കുഴപ്പത്തിന്റെ പ്രതിഫലനമായിട്ടാണ് നീരിക്ഷകര്‍ വിലയിരുത്തുന്നത്. ചില സാമ്പത്തികേതര പ്രശ്നങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് വത്തിക്കാനുമായിട്ടുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ പ്രസിഡന്റ് മടിച്ചില്ല. അത് മൈക്കേല്‍ ഡി ഹിഗ്ഗിന്‍സിന്റെ വിശ്വാസദാര്‍ഢ്യത്തിന്റെ തെളിവായി കണക്കാക്കാം. അടുത്ത തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിലെ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയുടെ യാഥാസ്ഥിതിക സര്‍ക്കാര്‍ പരാജയപ്പെടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സര്‍ക്കോസിയുടെ ഭരണകാലത്ത് നടന്ന നിരവധി പണിമുടക്കുകളും ജനകീയ പ്രക്ഷോഭങ്ങളും അതാണ് കാണിക്കുന്നത്. അങ്ങനെ സാമ്പത്തികക്കുഴപ്പം രാഷ്ട്രീയക്കുഴപ്പത്തിലേക്കും മാറ്റങ്ങളിലേക്കും വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
*പി ഗോവിന്ദപ്പിള്ള

Thursday, March 31, 2011

കമ്യൂണിസ്റ്റ്‌ പാര്‍ടി കേരളത്തില്‍

ഒന്ന്‌ : പുതിയൊരു ലോകം

20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്‌ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങള്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി വളര്‍ന്നുവരുന്നതിന്‌ അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു.

മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികള്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നതിന്‌ അടിത്തറയിട്ടു. അഖിലേന്ത്യാതലത്തില്‍ രാജാറാം മോഹന്‍ റോയിയും പരിഷ്‌കരണപ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കി.  ഈ പശ്ചാത്തലത്തില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി മുതലായവര്‍ കേരളത്തിന്റെ തെക്കന്‍ പ്രദേശത്തും വാഗ്‌ഭടാനന്ദനെ പോലുള്ളവര്‍ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങള്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപം പ്രാപിച്ചു. ഇവ ജനങ്ങളില്‍ വമ്പിച്ച ചലനം സൃഷ്‌ടിച്ചു. അയിത്തത്തിനും ജാതീയതയ്‌ക്കും എതിരായും ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്‍പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മര്‍ദ്ദങ്ങള്‍ സമൂഹത്തില്‍ രൂപപ്പെടാനും തുടങ്ങി. 1906 ല്‍ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ ആരംഭം കുറിച്ചതും പിന്നീട്‌ സര്‍ക്കാര്‍ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ്‌ വിദ്യാഭാസ വ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട മേല്‍മുണ്ടു കലാപം, 1888ലെ അരുവിപ്പുറം പ്രതിഷ്‌ഠ, 1891ലെ മലയാളി മെമ്മോറിയല്‍, 1896ലെ ഈഴവ മെമ്മോറിയല്‍, 1903ലെ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗസ്ഥാപനം, തുടര്‍ന്നു സാധുജനപരിപാലനയോഗം തുടങ്ങി സാമുദായക സംഘടനകളുടെ രൂപീകരണം, പ്രവര്‍ത്തനം, സമരങ്ങള്‍ എല്ലാം കേരളീയ ജീവിതത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിന്‌ സഹായകമായ ഘടകമായി വര്‍ത്തിച്ചു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനിവാഴ്‌ചയില്‍ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയര്‍ത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളര്‍ന്നുവന്നു.

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനവും വളര്‍ന്നുവന്നുകൊണ്ടിരുന്ന ഈ സാഹചര്യത്തിലാണ്‌ സോവിയറ്റ്‌ വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഉള്ള ആശയങ്ങള്‍ കേരളത്തില്‍ എത്തിച്ചേരുന്നത്‌. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, സഹോദരന്‍ അയ്യപ്പന്‍, പി. കേശവദേവ്‌ മുതലായവരുടെ കൃതികളിലൂടെ ഇത്തരം ആശയങ്ങളുടെ പ്രചരണം കേരളത്തില്‍ വരാന്‍ തുടങ്ങി.

രണ്ട്‌്‌ : മാറുന്ന ചക്രവാളം


ഈ കാലത്തുതന്നെ ജന്മിത്വവും സാമ്രാജ്യത്വവും സൃഷ്‌ടിച്ച കഷ്‌ടപ്പാടുകളുടെ പശ്ചാത്തലത്തില്‍ അതിനെതിരായി തൊഴിലാളികളുടേയും കൃഷിക്കാരുടേയും പോരാട്ടങ്ങളും സംഘടനകളും മെല്ലെ വളര്‍ന്നുവരാന്‍ തുടങ്ങി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ കൂട്ടായി ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സമ്പ്രദായവും ആരംഭിച്ചു. 1921 ലെ മലബാര്‍ കലാപം എന്നു വിളിക്കപ്പെടുന്ന കാര്‍ഷിക കലാപവും തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ചലനങ്ങളും കേരളത്തിലെ സ്വാതന്ത്രസമരപ്രസ്ഥാനത്തില്‍ വലിയ സ്വാധീനം ചെലുത്തി.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്‌ ഈ കാലഘട്ടത്തില്‍ കേരളത്തിലെ കുറെ ചെറുപ്പക്കാരെ ജയിലില്‍ അടച്ചിരുന്നു. ഈ ഘട്ടത്തില്‍ കണ്ണൂര്‍ ജയിലില്‍ കുറെ ദേശീയ വിപ്ലവകാരികളുണ്ടായിരുന്നു. അവരുമായുള്ള ബന്ധവും, ചര്‍ച്ചകളും ഈ ചെറുപ്പക്കാരുടെ ചിന്താഗതികളെ പിടിച്ചുലച്ചു. രാഷ്‌ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി അവര്‍ പുതുതായി പലതും അറിയുകയായിരുന്നു. ഇത്‌ പുതിയ ദിശാബോധം ഇവരില്‍ പകര്‍ന്നു നല്‍കി. ഇക്കാര്യം സ: ഇ.എം.എസ്‌ ഇങ്ങനെ കുറിക്കുന്നു:

``പിന്നീട്‌ രൂപം കൊണ്ട കേരളത്തിലെ ഇടതുപക്ഷകോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റേയും ബീജാവാപം നടന്നത്‌ കണ്ണൂര്‍ ജയിലില്‍ വെച്ചാണെന്നും അതു നടത്തിയത്‌ തിവാരി ആയിരുന്നുവെന്നും പറഞ്ഞാല്‍ വലിയ അതിശയോക്തി ഉണ്ടായിരിക്കുകയില്ല.''

മൂന്ന്‌ : ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരുന്ന ജനത

ബഹുജനമുന്നേറ്റത്തെ ഭയപ്പെടുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നയത്തില്‍ അസംതൃപ്‌തരായ ചെറുപ്പക്കാരാണ്‌ സോഷ്യലിസ്റ്റ്‌ ആശയത്തില്‍ ആകര്‍ഷിക്കപ്പെട്ടത്‌. ഇത്തരം ചിന്താഗതികള്‍ക്ക്‌ ശക്തി പകരുന്നതിന്‌ ഇടയാക്കുന്ന അന്തരീക്ഷം അന്ന്‌ കേരളത്തില്‍ ഉണ്ടായിരുന്നു.

ജന്മിത്വത്തിന്റെ പീഡനങ്ങളാല്‍ ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുകയായിരുന്നു. ഇതിനെതിരായി അങ്ങിങ്ങ്‌ ചെറുത്തുനില്‍പ്പുകളും സംഘടനകളും ഈ കാലഘട്ടത്തില്‍ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. 1935 ജൂലൈ മാസത്തില്‍ പഴയ ചിറക്കല്‍ താലൂക്കിലെ കൊളച്ചേരി അംശത്തില്‍ നണിയൂരിലുള്ള ഭാരതീയ മന്ദിരത്തില്‍ വെച്ച്‌ കൃഷിക്കാരുടെ ഒരു യോഗം നടക്കുകയുണ്ടായി. വിഷ്‌ണുഭാരതീയന്‍ പ്രസിഡന്റും കെ.എ. കേരളീയന്‍ സെക്രട്ടറിയുമായി കൊളച്ചേരി കര്‍ഷക സംഘം രൂപീകരിക്കപ്പെട്ടു. 1935 സെപ്‌തംബറോടുകൂടി കരിവെള്ളൂര്‍, വെള്ളൂര്‍, പെരളം, കൊടക്കാട്‌ ഇവ കേന്ദ്രമാക്കി കരിവെള്ളൂര്‍ കര്‍ഷക സംഘവും രൂപീകരിക്കപ്പെട്ടു. 1936 ല്‍ അഖിലേന്ത്യാ കിസാന്‍സഭ രൂപീകൃതമായതോടെ കാര്‍ഷിക മേഖലയില്‍ പോരാട്ടത്തിന്റെ പുതിയ മുഖം തുറന്നു. 1936 ജൂലൈ മാസത്തില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടന്ന പട്ടിണി ജാഥ ഈ രംഗത്ത്‌ വമ്പിച്ച ഉണര്‍വുണ്ടാക്കി. ഇതിന്‌ തുടര്‍ച്ചയായി മലബാറില്‍ നിരവധി കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കപ്പെടാന്‍ തുടങ്ങി. 1936 നവംബറില്‍ പറശ്ശിനിക്കടവില്‍ ആദ്യത്തെ ചിറക്കല്‍ താലൂക്ക്‌ കര്‍ഷക സമ്മേളനവും ഈ കാലഘട്ടത്തില്‍ നടന്നു. 1937 ല്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപീകരിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ തന്നെ കര്‍ഷക സംഘത്തിന്റെ രണ്ടാം അഖില മലബാര്‍ സമ്മേളനം കോഴിക്കോട്ട്‌ നടന്നു. കാര്‍ഷിക മേഖലയിലെ ഈ ഉണര്‍വ്‌ പുതിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ വരവിന്‌ പശ്ചാത്തലമൊരുക്കുന്നതായിരുന്നു.

ഈ കാലഘട്ടത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും വളര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. 1929 ല്‍ ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്‌ഘടനയിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാന്‍ തുടങ്ങി. ഈ കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ രൂപപ്പെടാനും ശക്തിപ്രാപിക്കാനും തുടങ്ങി. 1922 ല്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപപ്പെട്ടിരുന്നു. ഇത്തരം സംഘടനകള്‍ പിന്നീട്‌ ഉശിരന്‍ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളായി രൂപം പ്രാപിക്കുകയായിരുന്നു. കോഴിക്കോട്‌, കണ്ണൂര്‍, പാപ്പിനിശേരി, തലശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പണിമുടക്കുകള്‍ സംഘടിപ്പിക്കപ്പെട്ടു. 1935 മെയില്‍ ഒന്നാമത്തെ കേരള തൊഴിലാളി സമ്മേളനം കോഴിക്കോട്‌ സംഘടിപ്പിക്കപ്പെട്ടു. ഒരു സ്വതന്ത്ര വര്‍ഗശക്തി എന്ന നിലയില്‍ തൊഴിലാളിവര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഈ ഇടപെടല്‍ കമ്യൂണിസ്റ്റ്‌ ആശയപ്രചരണത്തിന്‌ പശ്ചാത്തലമൊരുക്കി. ഈ ഘട്ടത്തില്‍ തിരുവിതാംകൂറില്‍ കയര്‍ തൊഴിലാളികളും സംഘടിച്ച്‌ ശക്തിപ്രാപിക്കുന്ന നിലയുണ്ടായി. കൊച്ചിയില്‍ കൊച്ചിന്‍ സ്റ്റെര്‍ലിങ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ പോലുള്ള സംഘടനകളും രൂപപ്പെട്ടുതുടങ്ങി. ലേബര്‍ ബ്രദര്‍ഹുഡും അളഗപ്പ ടെക്‌സ്റ്റൈല്‍സിലെയും സീതാറാം മില്ലിലെയും യൂണിയനുകളും രൂപപ്പെട്ടുതുടങ്ങി. 1937 ല്‍ തൃശൂരില്‍ രണ്ടാം അഖിലകേരള തൊഴിലാളി സമ്മേളനവും നടക്കുകയുണ്ടായി. തൊഴിലാളികള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ഈ സംഘടനാബോധം പുതിയ രാഷ്‌ട്രീയത്തിനുള്ള മണ്ണൊരുക്കുകയായിരുന്നു.

1930 കളുടെ തുടക്കത്തില്‍ ഗുണപരമായ മറ്റു ചില ചുവടുവെപ്പുകളും ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. അതില്‍ സുപ്രധാനമായതായിരുന്നു തിരുവിതാംകൂറില്‍ നടന്ന നിവര്‍ത്തനപ്രക്ഷോഭം. അന്നേവരെ അവര്‍ണരായി, അവശരായി ചവിട്ടിതാഴ്‌ത്തപ്പെട്ടിരുന്നവര്‍ ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട്‌ രംഗത്തുവന്നു. ഇത്‌ ഭരണത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും ഉദ്യോഗത്തില്‍ സംവരണവും എന്ന മുദ്രാവാക്യത്തെ പൊതുധാരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ഇടയാക്കി. ഇത്‌ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പുതിയ ആവേശം പകരുന്നതായിരുന്നു.

നാല്‌ : കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി

സോവിയറ്റ്‌ വിപ്ലവത്തില്‍ ആവേശം കൊണ്ടവര്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി രൂപീകരിക്കുന്ന അവസ്ഥയും ഈ ഘട്ടത്തിലുണ്ടായി. തൊഴിലാളികളുടേയും കൃഷിക്കാരുടേയും സംഘടനകള്‍, അവരുടെ പാര്‍ടി, അവരുടെ ഭരണം എന്നത്‌ ഇവരെ തികച്ചും ആവേശം കൊള്ളിച്ചു. എങ്കിലും സോഷ്യലിസത്തെപ്പറ്റിയോ, മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെപ്പറ്റിയോ ഇവര്‍ക്ക്‌ അറിയില്ലായിരുന്നു. ഈ സ്ഥിതിവിശേഷത്തെ സ: ഇ.എം.എസ്‌ ഇങ്ങനെ വിലയിരുത്തുന്നു:

``സോഷ്യലിസ്റ്റ്‌ ആശയം സംബന്ധിച്ച്‌ ഞങ്ങളുടെ ധാരണകള്‍ അപൂര്‍ണ്ണവും, അവ്യക്തവുമായിരുന്നു. എങ്കിലും ഞങ്ങള്‍ക്കുള്ള ധാരണയെങ്കിലും അന്നുണ്ടായിരുന്ന പ്രചാരണസൗകര്യം ഉപയോഗിച്ച്‌ ജനങ്ങളുടെ ഇടയില്‍ വ്യാപിപ്പിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു. സോഷ്യലിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ചു പറയത്തക്ക വിവരമൊന്നുമില്ല. എന്നാല്‍ അവയുടെ സജീവ പ്രതീകമാണ്‌ സോവിയറ്റ്‌ യൂണിയനെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. എന്തുകൊണ്ടെന്നാല്‍ മുതലാളിത്തലോകത്തില്‍ അതിഭയങ്കരവും സര്‍വ്വവ്യാപിയുമായ ഒരു സാമ്പത്തികകുഴപ്പം നടമാടുന്ന സമയമാണിത്‌. അതേ അവസരത്തില്‍ സോവിയറ്റ്‌ യൂണിയന്‍ അതിന്റെ ഒന്നാം പഞ്ചവത്സരപദ്ധതി വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌. മറ്റൊരു രാജ്യത്തിലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ത്വരിതമായി അവിടത്തെ സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുകയാണ്‌. മുതലാളിത്ത വ്യവസ്ഥയുടെ തിന്മയും സോഷ്യലിസത്തിന്റെ മേന്മയും വ്യക്തമാകുവാന്‍ ഇതില്‍ കൂടുതലെന്തെങ്കിലും വേണോ? സോഷ്യലിസത്തിന്റെ മൗലികപ്രമാണങ്ങള്‍ സംബന്ധിച്ചു താത്വികാടിസ്ഥാനത്തില്‍ പഠനം നടത്താന്‍ സൗകര്യം കിട്ടിയില്ലാത്ത ഞങ്ങള്‍ക്ക്‌ സോഷ്യലിസത്തിന്‌ അനുകൂലമായ അഭിപ്രായം സ്വയം ഉണ്ടാവാനും അത്‌ ജനങ്ങളോട്‌ പറയാനും സഹായിച്ച വസ്‌തുതയാണ്‌.''

സോവിയറ്റ്‌ റഷ്യയില്‍ ഉണ്ടായതുപോലുള്ള ഒരു ഭരണം സ്ഥാപിക്കണമെങ്കില്‍ അവിടേക്കുള്ള മാര്‍ഗ്ഗം കൃഷിക്കാരുടേയും, തൊഴിലാളികളുടേയും സംഘടന കെട്ടിപ്പടുക്കലാണ്‌. അവരെ അവകാശബോധമുള്ളവരാക്കി ദേശീയപ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരത്തലാണ്‌. അതു മാത്രമല്ല ഗ്രാമത്തിന്റെ പ്രാഥമിക ഘടകം മുതല്‍ കേന്ദ്രതലം വരെ പരസ്‌പരം ബന്ധപ്പെടുന്ന സംഘടനാശൃംഖലയും ഉണ്ടാക്കി.

അഞ്ച്‌ : പഠനം പരിശീലനം.

പാര്‍ടി ഘടകങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ടതവസാനിപ്പിച്ചില്ല. അവരില്‍ രാഷ്‌ട്രീയ ബോധം രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനു ഗ്രാമങ്ങളില്‍ വായനശാലകള്‍, ഗ്രന്ഥശാലകള്‍, നിശാപാഠശാലകള്‍ എന്നിവ ഉണ്ടാക്കി അവരെ പഠിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നു. അതേ ലക്ഷ്യത്തോടെ 'പ്രഭാതം' വാരികയും തുടങ്ങി.

പിന്നീടതിനു ഒരു കേന്ദ്രീകൃതരൂപം നല്‍കി. മങ്കട - പള്ളിപ്പുറത്ത്‌ ഒരു മാസം നീണ്ടുനിന്ന പഠന പരിശീലനക്യാമ്പ്‌ അത്തരത്തിലുള്ള ഒന്നായിരുന്നു. അവിടെ കായികവും മാനസികവുമായ പഠനമായിരുന്നു നടന്നത്‌. സംസ്ഥാനത്താകെ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേര്‍ അതില്‍ പങ്കെടുത്തു.

അവിടെ പരിശീലനം നേടിയവര്‍ പിന്നീട്‌ ജില്ലാനിലവാരത്തിലും ക്ലാസും പരിശീലനവും കൊടുത്തു. അവര്‍ താലൂക്കുകളില്‍ ക്ലാസുകള്‍ നടത്തി. പിന്നീടത്‌ ഗ്രാമങ്ങളിലുമെത്തി. അങ്ങനെ സംസ്ഥാനമാകെ പഠനവും, പരിശീലനവും കൊടുത്ത്‌ പുത്തനൊരു രാഷ്‌ട്രീയപ്രവര്‍ത്തനം സജീവമായി. കേരളത്തെയാകെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സംഘടനാ സംവിധാനമായി ഇത്‌ മാറി.

ആറ്‌ : കോണ്‍ഗ്രസ്‌, സാധാരണക്കാരുടെ


ജയിലില്‍ വെച്ച്‌ തീരുമാനിച്ചതുപോലെ കൃഷിക്കാരെയും, തൊഴിലാളികളേയും സംഘടിപ്പിച്ച്‌ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തിനായി അവര്‌ പ്രവര്‍ത്തിച്ചു. അത്‌ സാക്ഷാത്‌കരിക്കാനും ഇവര്‍ക്ക്‌ കഴിഞ്ഞു

1934ല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ മൂവായിരത്തോളം മാത്രമായിരുന്നു. 1938-39 കാലങ്ങളിലാവട്ടെ അത്‌ അറുപതിനായിരത്തോളം ഉയര്‍ന്നു. അക്കാലമാവുമ്പോഴേക്കും കോണ്‍ഗ്രസിന്‌ മുന്നൂറിലധികം വില്ലേജുകമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്ന വില്ലേജ്‌-ടൗണ്‍-ജില്ലാ-സംസ്ഥാനകമ്മിറ്റികള്‍ ഈ ഘട്ടത്തില്‍ നിലവില്‍വന്നു.

അടിസ്ഥാനതലം വരെ സംഘടന വികസിച്ച്‌ കോണ്‍ഗ്രസ്‌ സാധാരണക്കാരുടെ കൈകളിലേക്ക്‌ പോകുന്നതിനെ വലതുപക്ഷക്കാരായ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ എതിരായിരുന്നു -. ഇടതുപക്ഷക്കാരാണ്‌ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറക്കിക്കൊണ്ടുവന്നത്‌.

എ കെ ജീ സെന്റെര്‍ ബ്ലോഗിലേക്ക് സ്വാഗതം

മുതലാളിത്ത ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ്‌ പാര്‍ടികളിലൊന്നാണ്‌ സി.പി.ഐ(എം). സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ത്യാഗനിര്‍ഭരമായി പൊരുതുന്ന സി.പി.ഐ(എം) മാര്‍ക്‌സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കനല്‍ വഴികളില്‍ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം പിന്നിട്ട പാതകള്‍ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്‌. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും മാനവികമായ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.ഐ(എം) ആണ്‌ രാജ്യത്തെ പണിയെടുത്തു ജീവിക്കുന്നവരുടെഏറ്റവും വിശ്വസ്‌തതയുള്ള രാഷ്‌ട്രീയപാര്‍ടി.

സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ലവമാണ്‌ സി.പി.ഐ(എം) ലക്ഷ്യമാക്കുന്നത്‌. വര്‍ത്തമാന കാല ഇന്ത്യയിലെ മൂര്‍ത്തസാഹചര്യങ്ങളില്‍ മാര്‍ക്‌സിസം ലെനിനിസം മുര്‍ത്തമായി പ്രയോഗിക്കാനാണ്‌ പാര്‍ടി ശ്രമിക്കുന്നത്‌. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയപാര്‍ടിയുടെ മുന്നേറ്റത്തിന്റെ വഴിയില്‍ ശത്രുവര്‍ഗത്തിന്റെ ആക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നൂറുകണക്കിനു പ്രവര്‍ത്തകരുണ്ട്‌. മതനിരപേക്ഷതക്കായി ഉറച്ച നിലപാട്‌ സ്വീകരിക്കുന്ന സി.പി.ഐ(എം)ആണ്‌  രാജ്യത്തെ വര്‍ഗീയ വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കുന്നത്‌. സംഘപരിവാരത്തിന്റെ ആക്രമണങ്ങളില്‍ മതന്യൂന പക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പരിച തീര്‍ക്കാന്‍ പാര്‍ടി ശ്രമിക്കുന്നു.

ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളോട്‌ സി.പി.ഐ(എം) ഐക്യദാര്‍ഢ്യം  പ്രഖ്യാപിക്കുന്നു. ക്യൂബന്‍, വിയറ്റ്‌നാം ഐക്യദാര്‍ഡ്യ പ്രസ്ഥാനങ്ങള്‍ സാര്‍വ്വദേശീയ ശ്രദ്ധയാകര്‍ഷിച്ചവയാണ്‌. ഇറാക്കിലെയും അഫ്‌ഗാനിസ്ഥാനിലെയും സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ പോരാട്ടങ്ങളില്‍ പാര്‍ടി കണ്ണിചേരുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം അനുഭവിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെയും കൃഷിക്കാരുടേയും സ്‌ത്രീകളുടേയും യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും ചെറുത്തുനില്‍പ്പുകളോട്‌ രാജ്യാ തിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി സി.പി.ഐ(എം) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

സ്‌ത്രീ സമത്വം, അധികാരവികേന്ദ്രീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവക്കായി സി.പി.ഐ(എം) നിലകൊള്ളുന്നു. പശ്‌ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി.പി.ഐ(എം) നൂറുക്കണക്കിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണം നടത്തുന്നു. രാജ്യത്ത്‌ നിലനില്‍ക്കുന്ന മുതലാളിത്ത വികസനപാതയുടെ പരിമിതിക്കകത്തുനിന്ന്‌ ബദല്‍ നയങ്ങള്‍ നടപ്പിലാക്കാനും പാര്‍ടി ശ്രമിക്കുന്നത്‌.

1957ല്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്‌റ്റ്‌ പാര്‍ടിയെ അധികാരത്തിലെത്തിച്ച കേരളം പുതിയ ചരിത്രമാണ്‌ സൃഷ്‌ടിച്ചത്‌. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ സര്‍ക്കാര്‍ നല്‍കിയ പുതിയ ദിശാബോധമാണ്‌  `കേരളമാതൃക' എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസത്തിന്‌ അടിത്തറ പാകിയത്‌.  മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന അടിസ്ഥാനപാഠമാണ്‌ ഇ എം എസ്‌ നയിച്ച അന്നത്തെ സര്‍ക്കാര്‍ പ്രയോഗത്തിലൂടെ നല്‍കിയത്‌.

ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ സമര്‍പ്പിത മനസ്സോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ
തട്ടകമായ എ കെ ജീ സെന്റെര്‍ എന്ന ബ്ലോഗിലേക്ക് 
സ്വാഗതം.

Wednesday, March 30, 2011

സി പി ഐ (എം) ഭരണഘടന

സി പി ഐ (എം) ഭരണഘടന
വകുപ്പ്‌ 1
പേര്‌
പാര്‍ട്ടിയുടെ പേര്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌) എന്നാകുന്നു.
വകുപ്പ്‌ 2
ലക്ഷ്യം
ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.
വകുപ്പ്‌ 3
കൊടി
വീതിയുടെ ഒന്നരമടങ്ങ്‌ നീളമുള്ള ചെങ്കൊടിയാണ്‌ പാര്‍ട്ടിയുടെ കൊടി. കൊടിയുടെ മധ്യത്തിലായി വെളുത്തനിറത്തില്‍ വിലങ്ങനെവെച്ച അരിവാളും ചുറ്റികയും ഉണ്ടായിരിക്കും.
വകുപ്പ്‌ 4
അംഗത്വം
1. പാര്‍ട്ടിയുടെ ഭരണഘടനയും പരിപാടിയും അംഗീകരിക്കുകയും ഏതെങ്കിലും ഒരു പാര്‍ട്ടിസംഘടനയില്‍ പ്രവര്‍ത്തിക്കാനും കൃത്യമായി അംഗവരിയും ലെവിയും (വരിയും ലെവിയും പാര്‍ട്ടി നിശ്ചയിക്കുന്ന പ്രകാരം) നല്‍കാനും പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കാനും സന്നദ്ധനാകുകയും ചെയ്യുന്ന, പതിനെട്ടോ കൂടുതലോ വയസായ ഏത്‌ ഇന്ത്യന്‍ പൗരനും പാര്‍ട്ടി അംഗത്വത്തിന്‌ അര്‍ഹനാണ്‌.

2. എ. രണ്ട്‌ പാര്‍ട്ടി മെമ്പര്‍മാരുടെ ശുപാര്‍ശയോടെ ഓരോരുത്തരായി സമര്‍പ്പിക്കുന്ന അപേക്ഷപ്രകാരമാണ്‌ പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത്‌. ഒരു അപേക്ഷകനെ പാര്‍ട്ടി അംഗത്വത്തിന്‌ ശുപാര്‍ശചെയ്യുന്ന പാര്‍ട്ടി അംഗങ്ങള്‍ അയാളെപ്പറ്റി തങ്ങള്‍ക്ക്‌ നേരിട്ടറിയാവുന്ന വിവരങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ ബന്ധപ്പെട്ട പാര്‍ട്ടി ബ്രാഞ്ചിനോ ഘടകത്തിനോ നല്‍കേണ്ടതാണ്‌. അപേക്ഷകനെ പാര്‍ട്ടിയില്‍ ചേര്‍ക്കാമെങ്കില്‍ പാര്‍ട്ടിബ്രാഞ്ച്‌ തൊട്ടടുത്ത മേല്‍ക്കമ്മിറ്റിയോട്‌ ശുപാര്‍ശചെയ്യണം. ആ മേല്‍ക്കമ്മിറ്റിയാണ്‌ എല്ലാ ശുപാര്‍ശകളെയുംപറ്റി തീരുമാനമെടുക്കുന്നത്‌.

ബി. പാര്‍ട്ടിബ്രാഞ്ചിനു മുകളില്‍ മുതല്‍ കേന്ദ്രകമ്മിറ്റിവരെയുള്ള പാര്‍ട്ടികമ്മിറ്റികള്‍ക്കും പുതിയ അംഗങ്ങളെ നേരിട്ട്‌ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അധികാരമുണ്ട്‌.

3. എ. പാര്‍ട്ടി അംഗത്വത്തിനുവേണ്ടിയുള്ള അപേക്ഷകളെല്ലാം അവതരണത്തിനും ശുപാര്‍ശക്കും ശേഷം ഒരു മാസത്തിനകം അധികാരപ്പെട്ട മേല്‍ക്കമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

ബി. അപേക്ഷകനെ പാര്‍ട്ടിയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ ചേര്‍ത്ത തിയതി മുതല്‍ ഒരു വര്‍ഷത്തേക്ക്‌ അയാള്‍ സ്ഥാനാര്‍ഥി അഥവാ കാന്‍ഡിഡേറ്റ്‌ അംഗമായി കരുതപ്പെടുന്നതാണ്‌.

4. മറ്റു പാര്‍ട്ടിയില്‍ പ്രാദേശിക-ജില്ല-സംസ്ഥാന നിലവാരങ്ങളില്‍ നേതൃത്വപദവിയിലുണ്ടായിരുന്ന ഒരാള്‍ക്ക്‌ അംഗത്വം നല്‍കുന്നതിന്‌ അതേ നിലവാരത്തിലുള്ള പ്രദേശിക കമ്മിറ്റിയുടെ ജില്ലാ-സംസ്ഥാന കമ്മിറ്റിയുടെയോ അംഗീകാരത്തിനുപുറമെ തൊട്ടുമേലുള്ള കമ്മിറ്റിയുടെ അനുവാദവും ഉണ്ടായിരിക്കണം. അസാധാരണമായ ചില കേസുകളില്‍ കേന്ദ്രകമ്മിറ്റിക്കോ സംസ്ഥാനകമ്മിറ്റിക്കോ അത്തരക്കാര്‍ക്ക്‌ പൂര്‍ണഅംഗത്വം നല്‍കാം. സംസ്ഥാനകമ്മിറ്റി അപ്രകാരം അംഗത്വം നല്‍കുമ്പോള്‍ മുന്‍കൂട്ടി കേന്ദ്രകമ്മിറ്റിയുടെ അനുവാദം വാങ്ങണം.

5. ഒരിക്കല്‍ പാര്‍ട്ടി അംഗത്വത്തില്‍ പുറത്താക്കപ്പെട്ടാല്‍ അയാളെ വീണ്ടും പാര്‍ട്ടിയില്‍ എടുക്കുന്നതിന്‌ പുറത്താക്കല്‍ തീരുമാനം സ്വീകരിച്ച പാര്‍ട്ടികമ്മിറ്റിയുടെയോ അതിനേക്കാള്‍ ഉയര്‍ന്ന ഏതെങ്കിലും കമ്മിറ്റിയുടെയോ തീരുമാനം ഉണ്ടായിരിക്കണം.

6. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ തിരഞ്ഞെടുക്കപ്പെടാനോ ഏതെങ്കിലും പ്രമേയത്തെ സംബന്ധിച്ച്‌ വോട്ടുചെയ്യാനോ ഉള്ള അവകാശങ്ങളൊഴിച്ചാല്‍ പൂര്‍ണ അംഗങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും ചുമതലകളും സ്ഥാനാര്‍ഥി അംഗങ്ങള്‍ക്കും ഉണ്ടായിരിക്കും.

7. ഏതെങ്കിലും ഒരു ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ സ്ഥാനാര്‍ഥി അംഗങ്ങളെ ചേര്‍ത്തുകഴിഞ്ഞാല്‍, പാര്‍ട്ടിയുടെ പരിപാടി, ഭരണഘടന, സമകാലികനയങ്ങള്‍ എന്നിവ സംബന്ധിച്ച്‌ അവരുടെ പ്രാഥമിക പഠനത്തിന്‌ അതത്‌ ഘടകങ്ങള്‍ ഏര്‍പ്പാടുണ്ടാക്കേണ്ടതും പാര്‍ട്ടിബ്രാഞ്ചിലോ ഘടകത്തിലോ അംഗങ്ങള്‍ എന്ന നിലക്ക്‌ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിക്കൊണ്ട്‌ അവരുടെ വളര്‍ച്ചയെ അവലോകനം ചെയ്യേണ്ടതുമാണ്‌.

8. സ്ഥാനാര്‍ഥി അംഗത്വം കാലാവധി അവസാനിച്ചാല്‍ ബന്ധപ്പെട്ട പാര്‍ട്ടിബ്രാഞ്ചോ കമ്മിറ്റിയോ പൂര്‍ണഅംഗത്വം ലഭിക്കാന്‍ അയാള്‍ യോഗ്യനായോ എന്ന കാര്യം ചര്‍ച്ചചെയ്യണം. സ്ഥാനാര്‍ഥി അംഗം അയോഗ്യനാണെന്നു കണ്ടാല്‍ പാര്‍ട്ടി ബ്രാഞ്ചോ കമ്മിറ്റിയോ അയാളുടെ സ്ഥാനാര്‍ഥി അംഗത്വം റദ്ദു ചെയ്യേണ്ടതാണ്‌. പൂര്‍ണഅംഗത്വം നല്‍കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ അടുത്ത മേല്‍കമ്മിറ്റിക്ക്‌ കൃത്യമായി അയക്കേണ്ടതാണ്‌.

9. ആ റിപ്പോര്‍ട്ട്‌ പരിശോധിച്ചതിനുശേഷം അത്‌ സമര്‍പ്പിച്ച പാര്‍ട്ടിബ്രാഞ്ചിനോടോ കമ്മിറ്റിയോടോ കൂടിആലോചിച്ചുകൊണ്ട്‌ അത്‌ ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. സ്ഥാനാര്‍ഥി അംഗങ്ങളെ റിക്രൂട്ട്‌ ചെയ്യുന്ന കാര്യത്തിലും ജില്ലാകമ്മിറ്റികള്‍ക്ക്‌ മേല്‍നോട്ടാധികാരമുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കീഴ്‌കമ്മിറ്റികള്‍ എടുത്ത തീരുമാനങ്ങള്‍ ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. സ്ഥാനാര്‍ഥിഅംഗങ്ങളെ റിക്രൂട്ട്‌ ചെയ്യുന്ന കാര്യത്തിലും പൂര്‍ണഅംഗത്വം നല്‍കുന്ന കാര്യത്തിലും ജില്ലാകമ്മിറ്റിക്ക്‌ മേല്‍നോട്ടാധികാരം ഉണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കീഴ്‌കമ്മിറ്റികള്‍ എടുത്ത തീരുമാനങ്ങള്‍ ഭേദപ്പെടുത്താനോ നിരസിക്കാനോ മേല്‍ക്കമ്മിറ്റികള്‍ക്ക്‌ അവകാശമുണ്ടായിരിക്കും.

10. ഏതു പാര്‍ട്ടിഅംഗത്തിനും തന്റെ ഘടകത്തിന്റെ അനുമതിയോടുകൂടി മറ്റൊരു ഘടകത്തിലേക്ക്‌ മാറാവുന്നതാണ്‌. അതിനുള്ള അപേക്ഷ തന്റെ ഘടകത്തിലൂടെ ബന്ധപ്പെട്ട രണ്ട്‌ ഘടകങ്ങളും ഏത്‌ മേല്‍ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുവോ അതിന്‌ അയച്ചുകൊടുക്കേണ്ടതാണ്‌.

വകുപ്പ്‌ 5
പാര്‍ട്ടി പ്രതിജ്ഞ
പാര്‍ട്ടിയില്‍ ചേരുന്ന സകലരും പാര്‍ട്ടി പ്രതിജ്ഞയില്‍ ഒപ്പുവെയ്‌ക്കണം. പാര്‍ട്ടി പ്രതിജ്ഞ ഇപ്രകാരമാണ്‌.

ഞാന്‍ പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അംഗീകരിക്കുകയും അതിന്റെ ഭരണഘടനക്ക്‌ വിധേയമായി പാര്‍ട്ടി തീരുമാനങ്ങള്‍ കൂറോടെ നടപ്പാക്കിക്കൊള്ളാമെന്ന്‌ സമ്മതിക്കുകയും ചെയ്യുന്നു. ഞാന്‍ കമ്യൂണിസ്റ്റ്‌ ആദര്‍ശത്തിനനുസരിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുകയും തൊഴിലാളിവര്‍ഗത്തെയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും രാജ്യത്തെയും നിസ്വാര്‍ഥമായി സേവിക്കുകയും എല്ലായ്‌പ്പോഴും പാര്‍ട്ടിയുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്‌.
വകുപ്പ്‌ 6
പാര്‍ട്ടി അംഗത്വരേഖകള്‍

പാര്‍ട്ടിഅംഗത്വം സംബന്ധിച്ച എല്ലാ രേഖകളും ജില്ലാകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കുന്നതാണ്‌.
വകുപ്പ്‌ 7
പാര്‍ട്ടി അംഗത്വപരിശോധ
1. വര്‍ഷം തോറും പാര്‍ട്ടിഅംഗത്വം സംബന്ധിച്ച്‌ ഒരു ചെക്ക്‌-അപ്പ്‌ (ഒത്തുനോക്കല്‍ പരിശോധന) നടത്തുന്നതാണ്‌. അവരവര്‍ അംഗമായിരിക്കുന്ന പാര്‍ട്ടി സംഘടനയാണ്‌ ഇത്‌ നടത്തുക. ശരിയായ കാരണം കൂടാതെ തുടര്‍ച്ചയായി കുറെ കാലത്തേക്ക്‌ പാര്‍ട്ടിജീവിതത്തിലും പ്രവര്‍ത്തനത്തിലും പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാര്‍ട്ടിഅംഗത്വത്തില്‍നിന്ന്‌ തള്ളിക്കളയുന്നതാണ്‌.

2. പാര്‍ട്ടി അംഗത്തെ സംബന്ധിച്ച്‌ നടത്തിയ ചെക്ക്‌-അപ്പിന്റെ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ സ്ഥിരീകരണത്തിനും രേഖ സൂക്ഷിപ്പിനുമായി തൊട്ടടുത്ത മേല്‍കമ്മിറ്റിക്ക്‌ അയക്കണം.
വകുപ്പ്‌ 8
പാര്‍ട്ടിഅംഗത്വം രാജിവെക്കല്‍
1. തന്റെ അംഗത്വം രാജിവെക്കണമെന്ന്‌ ആഗ്രഹിക്കുന്ന ആള്‍ താന്‍ അംഗമായിരിക്കുന്ന പാര്‍ട്ടിബ്രാഞ്ചിനോ ഘടകത്തിനോ രാജി സമര്‍പ്പിക്കേണ്ടതാണ്‌. ബന്ധപ്പെട്ട ഘടകത്തിന്‌ ആ രാജി സ്വീകരിച്ച്‌ അയാളുടെ പേര്‍ അംഗത്വപട്ടികയില്‍നിന്ന്‌ നീക്കിക്കളയാവുന്നതാണ്‌. ഈ വിവരം അടുത്ത മേല്‍ക്കമ്മിറ്റിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയും വേണം. രാഷ്‌ട്രീയകാരണംകൊണ്ടാണ്‌ രാജിവെക്കുന്നതെങ്കില്‍ രാജി തള്ളിക്കളഞ്ഞ്‌ അയാളെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കേണ്ടതാണ്‌.

2. പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ തക്കവിധം ഗുരുതരമായ അച്ചടക്കക്കുറ്റം ആരോപിക്കപ്പെടാന്‍ ഇടയുള്ള ആളാണ്‌ രാജിവെക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ കുറ്റാരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ആ രാജി പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കലായി കണക്കാക്കി നടപ്പില്‍ വരുത്തേണ്ടതുമാണ്‌.

3. അങ്ങനെ പുറംതള്ളലായി നടപ്പില്‍വരുത്തുന്ന എല്ലാ രാജിക്കാര്യങ്ങളും ഉടനടി അടത്ത മേല്‍കമ്മിറ്റിക്ക്‌ റിപ്പോര്‍ട്ടുചെയ്യേ ണ്ടതും ആ കമ്മിറ്റിയുടെ സ്ഥിരീകരണത്തിന്‌ വിധേയമാക്കേണ്ടതുമാണ്‌.
വകുപ്പ്‌ 9
അംഗവരി
1. ഓരോ പാര്‍ട്ടിഅംഗവും സ്ഥാനാര്‍ഥിഅംഗവും പാര്‍ട്ടി അംഗവരിയായി പ്രതിവര്‍ഷം രണ്ടു രൂപവീതം നല്‍കേണ്ടതാണ്‌. പാര്‍ട്ടിയില്‍ ചേരുന്ന സമയത്തോ ഓരോ വര്‍ഷവും മാര്‍ച്ച്‌ മാസം അവസാനിക്കുന്നതിന്‌ മുമ്പോ ഈ പ്രതിവര്‍ഷ പാര്‍ട്ടി വരിസംഖ്യ ഓരോ അംഗവും ബന്ധപ്പെട്ട ബ്രാഞ്ച്‌ അല്ലെങ്കില്‍ യൂണിറ്റ്‌ സെക്രട്ടറിക്ക്‌ നല്‍കേണ്ടതാണ്‌. തക്കസമയത്ത്‌ ഒരു അംഗം വരിസംഖ്യ നല്‍കാത്തപക്ഷം അംഗത്വപട്ടികയില്‍നിന്ന്‌ ആ അംഗത്തിന്റെ പേര്‍ നീക്കം ചെയ്യപ്പെടും.
പരിതഃസ്ഥിതികള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ കേന്ദ്രകമ്മിറ്റിക്ക്‌ ഈ അവസാനതിയതി നീട്ടാവുന്നതാണ്‌.

2. പാര്‍ട്ടി അംഗങ്ങളില്‍നിന്ന്‌ ശേഖരിക്കുന്ന വരിസംഖ്യ മുഴുവന്‍ പാര്‍ട്ടിബ്രാഞ്ചോ ഘടകമോ തക്കതായ പാര്‍ട്ടികമ്മിറ്റികളിലൂടെ കേന്ദ്രകമ്മിറ്റിയെ ഏല്‍പ്പിക്കണം.
വകുപ്പ്‌ 10
പാര്‍ട്ടി ലെവി
കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം ഒരു പ്രതിമാസ ലെവി എല്ലാ പാര്‍ട്ടിഅംഗങ്ങളും അടയ്‌ക്കണം. വര്‍ഷാ വര്‍ഷമായോ കാലാകാലത്തിലോ മാത്രം വരുമാനം കിട്ടുന്നവര്‍ നിശ്ചിത ശതമാനം അനുസരിച്ച്‌ ഓരോ കാലത്തിന്റെയും ആദ്യമോ മുമ്മൂന്നു മാസത്തിലാദ്യമോ ലെവി അടയ്‌ക്കേണ്ടതാണ്‌. നിശ്ചിതസമയത്തെ തുടര്‍ന്ന്‌ മൂന്നുമാസം കഴിഞ്ഞിട്ടും ലെവി അടയ്‌ക്കാത്ത ആളുകളുടെ പേര്‍ പാര്‍ട്ടിയുടെ അംഗത്വപട്ടികയില്‍നിന്ന്‌ നീക്കം ചെയ്യുന്നതാണ്‌.
വകുപ്പ്‌ 11
പാര്‍ട്ടിഅംഗങ്ങളുടെ ചുമതലകള്‍

1. പാര്‍ട്ടി അംഗങ്ങളുടെ ചുമതലകള്‍ താഴെ ചേര്‍ക്കുന്നു:


എ. തങ്ങള്‍ അംഗമായിട്ടുള്ള പാര്‍ട്ടി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി പങ്കുകൊള്ളുകയും പാര്‍ട്ടിയുടെ നയവും തീരുമാനങ്ങളും നിര്‍ദേശങ്ങളും വിശ്വസ്‌തതയോടെ നടപ്പാക്കുകയും ചെയ്യുക.

ബി. മാര്‍ക്‌സിസം-ലെനിനിസം പഠിക്കുകയും സ്വന്തം അറിവിന്റെ നിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുക.

സി. പാര്‍ട്ടിപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുകയും അവ നിലനിര്‍ത്താന്‍ സഹായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഡി. പാര്‍ട്ടി ഭരണഘടന മാനിക്കുക, അച്ചടക്കം പാലിക്കുക, കമ്യൂണിസത്തിന്റെ മഹീനയ ആദര്‍ശങ്ങള്‍ക്ക്‌ അനുസരണമായും തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടും പൊരുമാറുക.

ഇ. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ ഉപരി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക്‌ സ്ഥാനം നല്‍കുക.
എഫ്‌. ബഹുജനങ്ങളെ അര്‍പ്പണമനോഭാവത്തോടെ സേവിക്കുകയും അവരുമായുള്ള ബന്ധം നിരന്തരം ശക്തിപ്പെടുത്തുകയും ചെയ്യുക. ബഹുജനങ്ങളില്‍നിന്ന്‌ കാര്യങ്ങള്‍ ഗ്രഹിക്കുക; അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടിക്ക്‌ റിപ്പോര്‍ട്ടുചെയ്യുക. പ്രത്യേകം ഒഴിവാക്കപ്പെടാത്ത പക്ഷം പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ ഏതെങ്കിലും ഒരു ബഹുജനസംഘടനയില്‍ പ്രവര്‍ത്തിക്കുക.